2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

ഒരു രാത്രിമഴയിൽ



ചെറുകഥ
                                                            
 ഒരു രാത്രിമഴയിൽ

മഴ പെയ്തു തോർന്നിട്ട്  അര മണിക്കുറിൽ കൂടുതൽ ആയിട്ടില്ലെന്ന് വ്യക്തം

ഇപ്പോഴും ചെറുതായി ചാറുന്നുമുണ്ട് ..

മൊട്ടുസൂചി കണ്ണിൽ വന്നു കൊള്ളുംപോലെയാണ് നേരിയ മഴത്തുള്ളികൾ മുഖത്ത് പതിക്കുന്നത്

അച്ഛൻ ബൈക്ക് റൌണ്ടിൽ നിന്നും മുനിസിപ്പൽ റോഡിലേക്ക് തിരിച്ചു .

വഴിയിൽ കേട്ടിനില്ക്കുന്ന മഴവെള്ളത്തിൽ, രാത്രിയെ പകലാക്കി മാറ്റുന്ന നിയോണ്‍ ബൾബുകളുടെയും പരസ്യ പാനലുകളുടെയും പ്രകാശകിരണങ്ങൾ ഇരട്ടി വെളിച്ചം വിതറുകയാണ്‌ ...

എപ്പോഴും തിക്കും തിരക്കുമുള്ള നഗരത്തിന്റെ ആളൊഴിഞുള്ള ദൃശ്യം, " ദൃശ്യം " സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ കാണാനിടവന്നതിൽ അവന്  അത്ഭുതം തോന്നി ..

ആരുമില്ല വഴിയിൽ ..കടകളെല്ലാം അടച്ചിരിക്കുന്നു.

കടത്തിണ്ണകളിൽ കുറേപേർ കിടന്നുറങ്ങുന്നു ...

" ഏട്ടാ പെട്ടെന്ന് വിട്ടോളു ... മഴ ഇനീം പെയ്യുന്നാ തോന്നുന്നത് ...അപ്പഴേക്കും വീട്ടിലെത്താം .." അമ്മ അച്ഛനോട് പറഞ്ഞു.

" മോനെ..കണ്ണടച്ച് പിടിച്ചോ .... തൊപ്പി പറന്നു പോകാതെ നോക്കണട്ടോ ." അച്ഛൻ അവനെ ഓര്മ്മിപ്പിച്ചു ...

അവനാകട്ടെ ആളൊഴിഞ്ഞു കിടക്കുന്ന നഗരത്തെ ശ്രദ്ധിക്കുകയായിരുന്നു.

ഓരോ കടകൾക്ക് മുന്നിലും തല വരെ പുതപ്പിട്ടു മൂടികിടക്കുന്ന അനവധി ആളുകൾ ..

അതിൽ സ്ത്രീകളുണ്ട്,കുട്ടികളുണ്ട്,അച്ഛന്മാരുണ്ട്, അമ്മമാരുണ്ട് ,അമ്മൂമ്മമാരുണ്ട് , കുഞ്ഞുവാവകളുണ്ട് ...

അവനു വിഷമം തോന്നി.

" അച്ഛാ ...അവര്ക്ക് മഴ കൊള്ളില്ല്യെ അവടെ കെടന്നുറ ങ്ങിയാല്  " അവൻ അച്ഛനോട് ചോദിച്ചു ....

അമ്മയാണ് അതിനുത്തരം പറഞ്ഞത് .

" കണ്ടോ മോനെ....വീടില്ലാത്തോരാ അവരെല്ലാം...അവര് ടെ കഷ്ട്ടപ്പാട്  കണ്ടോ "

രാത്രിയിൽ കിടക്കാൻ നേരം അച്ഛൻ എത്ര തവണയാണ് മുൻവാതിൽ അടച്ചോ ....പിൻവാതിൽ അടച്ചോ എന്നൊക്കെനോക്കാറുള്ളത് ...അതും പോരാതെ അമ്മയും ഒരിക്കൽ കൂടി നോക്കി തൃപ്തിപെടും ....

വാതിലോ ജനവാതിലൊ ഒന്നുമില്ലാതെ സ്വസ്ഥമായി കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന അവരെ പറ്റി അവൻ ഓർക്കുകയായിരുന്നു .

മഴ തൂളൽ കൂടിയിരിക്കുന്നു ..

അച്ഛൻ ബൈക്കിനു വേഗത കൂട്ടികൊണ്ടിരുന്നു .....

അവൻ പാതി കണ്ണടച്ച് നഗരത്തെ വീക്ഷിച്ചുകൊണ്ടിരുന്നു ...

" ശോ...നാശം ...ഈ മഴ നനച്ചേ അടങ്ങൂന്നു തോന്നുന്നു " അച്ഛൻ ആത്മഗതമെന്നോണം മഴയെ കുറ്റപ്പെടുത്തി ..

ഇളം ചുവപ്പ് ഹാലോജൻ വിളക്കുകൾ ഇടക്ക്  അണഞ്ഞ്  പെട്ടെന്ന് തന്നെ കത്തുകയും ചെയ്യുന്നുണ്ട് ...

കുറെയാളുകൾ കിടന്നുറങ്ങുന്നതിനിടയിൽ ഒരു കുട്ടിയിരുന്ന് എന്തോ വായിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത് പെട്ടെന്നായിരുന്നു.

അപ്പോഴേക്കും ബൈക്ക് അവരെയും കടന്നു കുറച്ചു മാത്രം മുന്നോട്ടു പോയിരുന്നു ...



പെട്ടെന്നാണ് ബൈക്ക്  ഓഫായത് ..

" ഛെ...പെട്രോൾ ഓണാക്കാൻ മറന്നു ..നാശം ..."  അച്ഛൻ ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി നിർത്തികൊണ്ട് പറഞ്ഞു .

അവൻ വീണ്ടും തിരിഞ്ഞു നോക്കി ..വായിച്ചുകൊണ്ടിരുന്ന ആ കുട്ടിയെ .......

സംശയം തീര്ക്കാൻ അവൻ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി ....

ശരിയാണ് .....അത്  " അനഘ "

അനഘ  തന്നെയാണ് ....

അവന്റെ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി .

അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല ....മിഡ്ടേമിൽ പോലും അവളായിരുന്നു ഫസ്റ്റ് ...

മഴതുള്ളികൾക്ക് പെട്ടെന്ന്  കനം വെച്ചു ..

അവനിക്കാര്യം അച്ഛനോട്  പറയാൻ തുനിഞ്ഞു ....

" അച്ഛാ ....."

" നീ മിണ്ടാതിരുന്നെ മോനെ ...മഴ കൂടി വരുന്നു ...കണ്ണടചിരുന്നൊളു ..."

അച്ഛൻ പെട്രോൾ ഓണാക്കി ബൈക്ക് സ്ടാര്ട്ട് ചെയ്ത്‌  വേഗത്തിൽ വിട്ടു ...

അച്ഛന്റെ വലതു കൈമുട്ടിനിടയിലൂടെ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി ....

അനഘ അപ്പോളും പുസ്തകത്തിൽ തന്നെയായിരുന്നു ....

ഹാലൊജൻ ബൾബിന്റെ ഇളം ചുവപ്പ് പ്രകാശത്തിനു താഴെ മഴതുള്ളികൾക്ക് കനം കൂടിവരികയായിരുന്നു ...



മണികണ്ഠൻ കിഴക്കൂട്ട് , ചേർപ്പ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ